District News
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ പ്രാഥമിക പരിശോധന ജില്ലയില്‍ പൂര്‍ത്തിയായി. പുതുതായി രൂപീകരിച്ച 227 ബൂത്തുകളടക്കം ജില്ലയില്‍ 1791 ബൂത്തുകളാണ് നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാക്കുന്നത്.
2239 ബാലറ്റ് യൂണിറ്റുകള്‍, 2239 കണ്ട്രോള് യൂണിറ്റുകള്‍, 2412 വിവി പാറ്റുകള്‍ എന്നിവയുടെ പ്രാഥമിക പരിശോധനയാണ് പൂര്‍ത്തിയായത്. പ്രാഥമിക പരിശോധന പൂര്‍ത്തീകരിച്ച വോട്ടിംഗ് യന്ത്രങ്ങളില്‍നിന്ന് രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തെരഞ്ഞെടുത്ത അഞ്ചു ശതമാനം വോട്ടിംഗ് യന്ത്രങ്ങളില്‍ മോക്ക് പോള്‍ നടത്തി കൃത്യത ഉറപ്പുവരുത്തി.
ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ഷീബാ മാത്യു, എഫ്എല്‍സി സൂപ്പര്‍വൈസര്‍ ജി. പ്രശാന്ത്, എം. അരുണ്‍, ഇ.സി. ഗിരീഷ്കുമാര്‍ എന്നിവര്‍ മോക്ക്പോളിന് നേതൃത്വം നല്കി
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാർഥികളെ തീരുമാനിക്കുന്നത് വേഗത്തിലാക്കാനൊരുങ്ങി കോൺഗ്രസ്. സ്ഥാനാർഥി നിർണയത്തിനായുള്ള സ്ക്രീനിംഗ് കമ്മിറ്റി എംപിമാർ അടക്കമുള്ള പാർട്ടി നേതാക്കളുടെ അഭിപ്രായം ഇന്ന് കേൾക്കും.
എ.കെ. ആന്റണി ഉൾപ്പെടെയുള്ള പ്രധാന നേതാക്കളുമായി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഇന്നലെ പ്രതിപക്ഷ നേതാവിനെ മിസ്ത്രിയെ കണ്ടിരുന്നില്ല.
വിവിധ തലങ്ങളിലെ നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം സ്ഥാനാർഥി നിർണയത്തിലെ മാനദണ്ഡം അടക്കം സമിതി തീരുമാനിക്കും. രണ്ടു ദിവസം കേരളത്തിൽ തങ്ങുന്ന സമിതി അംഗങ്ങൾ വീണ്ടും കേരളത്തിൽ എത്തും. രണ്ടു ഘട്ടമായി സ്ഥാനാർഥി പ്രഖ്യാപനത്തിനാണ് കോൺഗ്രസ് ശ്രമം.
സ്ഥാനാർഥി നിർണയത്തിൽ ലീഗ് യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. മൂന്ന് ടേം നയം നിയമസഭ തെരഞ്ഞെടുപ്പിലും നടപ്പിലാക്കണമെന്നും സ്ഥാനാർഥി നിർണായത്തിൽ വിജയ സാധ്യത മാത്രം ആകണം മാനദണ്ഡമെന്നും ഫിറോസ് പ്രതികരിച്ചു.
District News
കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തകർപ്പൻ വിജയം നേടുമെന്ന് കേരള കോൺഗ്രസ് സ്റ്റേറ്റ് കോഓർഡിനേറ്റർ അപു ജോൺ ജോസഫ് പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെുപ്പിലെ മിന്നുന്ന വിജയം ഇതിന്റെ മുന്നോടിയാണ്. കോഴിക്കോട് നടന്ന കേരള കോൺഗ്രസ് ജില്ലാ നേതൃസമ്മേളനവും ജെഎസ്എസ് കോഴിക്കോട് ജില്ലാ ലയന സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജോസ് കെ. മാണി വിഭാഗത്തിന് യുഡിഎഫിൽ വരാൻ താല്പര്യമുണ്ടെങ്കിൽ അവർ ആദ്യം യുഡിഎഫ് നേതൃത്വത്തെ അറിയിക്കണം. അപ്പോൾ മുന്നണി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജെഎസ്എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കൂടത്തായിയുടെ നേതൃത്വത്തിൽ രാജിവെച്ച് വന്നവരെ അപു ജോൺ ജോസഫ് പാർട്ടി മെംബർഷിപ്പ് നൽകി സ്വീകരിച്ചു.
പാർട്ടി ജില്ലാ പ്രസിഡന്റ് പി.എം. ജോർജ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഹൈ പവർ കമ്മിറ്റി മെംബർ ഹെലൻ ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി രാജീവ് തോമസ്, സ്റ്റേറ്റ് ജനറൽ സെക്രട്ടറിമാരായ ജോർജ് മങ്ങാട്ടിൽ, ടി. മനോജ് കുമാർ, ടെന്നിസൻ ചാത്തംകണ്ടം, ടി.ജെ. റോയി, വിജയൻ ചാത്തോത്ത്, കേരള യൂത്ത് ഫ്രണ്ട് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയി അടക്കാപ്പാറ, ടി.പി. ചന്ദ്രൻ, ജെയിംസ് വേളാശേരി, ദീപ ഷൈജോ, ലിജി ഷിജു എന്നിവർ പ്രസംഗിച്ചു.
National
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 23ന് തമിഴ്നാട്ടിലെത്തും. എൻഡിഎ പ്രചാരണങ്ങൾക്ക് തുടക്കമിടാനാണ് നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തുന്നത്.
എല്ലാ ഘടകകക്ഷി നേതാക്കളും പങ്കെടുക്കുന്ന പൊതുയോഗം ചെന്നൈയിലോ മധുരയിലോ സംഘടിപ്പിക്കാനാണ് തീരുമാനം. മധുരയിലാണ് പൊതുയോഗമെങ്കിൽ ദീപം തെളിയിക്കൽ വിവാദത്തിന് കേന്ദ്രമായ തിരുപ്പരങ്കുന്ത്രം ക്ഷേത്രത്തിൽ മോദി ദർശനം നടത്തിയേക്കുമെന്നും വിവരമുണ്ട്.
എന്നാൽ തിരുപ്പരങ്കുന്ത്രം സന്ദർശനം ഡിഎംകെ രാഷ്ട്രീയ ആയുധമാക്കുമെന്ന ആശങ്ക എഐഎഡിഎംകെയ്ക്കുണ്ട്. എൻഡിഎ പൊതുയോഗത്തിന് മുൻപായി സഖ്യവിപുലീകരണം പൂർത്തിയാക്കാനാണ് ബിജെപി ശ്രമം.
നേരത്തേ വിജയ്യുടെ ടിവികെയുമായി ചർച്ച നടത്തിയിരുന്ന എഎംഎംകെ നേതാവ് ടിടിവി ദിനകരനും എൻഡിഎയിലെത്തുമെന്നാണ് വിവരം. അതേസമയം അധികാരത്തിലെത്തിയാൽ ഭരണം പങ്കിടണമെന്നാണ് ബിജെപി എഐഎഡിഎംകെയ്ക്ക് മുന്നിൽവച്ചിരിക്കുന്ന നിബന്ധന.
District News
പിണറായി: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മൂന്നാം ഊഴം നേടുമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം പി. സന്തോഷ് കുമാർ എംപി.
സിപിഐ രൂപീകരണ നൂറാം വാർഷികാഘോഷം ജില്ലാതല സമാപനം പിണറായി ആർ.സി അമല സ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി സി.പി സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന മുൻ സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവംഗം സി.എൻ ചന്ദ്രൻ, സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ സി.പി മുരളി, സംസ്ഥാന കൗൺസിൽ അംഗം സി.പി ഷൈജൻ, ഒ.കെ ജയകൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു.
ജില്ലാ അസി. സെക്രട്ടറി എ. പ്രദീപൻ, മുൻ ജില്ലാ സെക്രട്ടറി സി. രവീന്ദ്രൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.വി ബാബു, വി. ഷാജി തുടങ്ങിയവർ പങ്കെടുത്തു.മണ്ഡലം സെക്രട്ടറി എം.എസ് നിഷാദ് സ്വാഗതവും ജില്ലാ കൗൺസിൽ അംഗം എം. മഹേഷ് കുമാർ മഠത്തിൽ നന്ദിയും പറഞ്ഞു. പൊതു സമ്മേളനത്തിന് മുന്നോടിയായി നാടൻപാട്ടുകളും അവതരിപ്പിച്ചു.
District News
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിയിരിക്കെ സീറ്റുകളെയും സ്ഥാനാര്‍ഥികളെയും ചൊല്ലി അണിയറ ചര്‍ച്ചകള്‍ സജീവം. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ജില്ലയിലുണ്ടാക്കാവുന്ന പ്രതിഫലനം നിര്‍ണായകമാണ്.
മാണി വിഭാഗം കേരള കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ എത്തിയതിനു പിന്നാലെ 2021ല്‍ ചങ്ങനാശേരി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങള്‍ യുഡിഎഫിന് നഷ്ടമായി. ഇതു തിരിച്ചുപിടിക്കാന്‍ യുഡിഎഫില്‍ മണ്ഡലമാറ്റം ഉള്‍പ്പെടെ ചര്‍ച്ചകളുണ്ടാകും.
പൂഞ്ഞാറിലും ഏറ്റുമാനൂരിലും സ്വതന്ത്രര്‍ നിര്‍ണായകമായി
2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം വൈക്കം എംഎല്‍എ സി.കെ. ആശ (സിപിഐ)യ്ക്കായിരുന്നു; 29,122. രണ്ടാമത് കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് (കോണ്‍). 18,743 വോട്ടുകളുടെ ഭൂരിപക്ഷമാണു തിരുവഞ്ചൂരിനു ലഭിച്ചത്.
ഏറ്റവും കുറവ് ഭൂരിപക്ഷത്തില്‍ വിജയിച്ചത് കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫാണ്-4256. ഡോ. എന്‍. ജയരാജ് (കേരള കോണ്‍-എം)-കാഞ്ഞിരപ്പള്ളി (13,703), ജോബ് മൈക്കിള്‍ (കേരള കോണ്‍ .എം)-ചങ്ങനാശേരി (6059), സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ (കേരള കോണ്‍. എം)പൂഞ്ഞാര്‍ (16,817), ഉമ്മന്‍ ചാണ്ടി (കോണ്‍)-പുതുപ്പള്ളി (9044), മാണി സി. കാപ്പന് -പാലാ (15,386), വി.എന്‍. വാസവന് (സിപിഎം) -ഏറ്റുമാനൂര്‍ (14,303). പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ ഭൂരിപക്ഷം 38,000.
പി.സി. ജോര്‍ജിന് 41,049 വോട്ട്
പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ വിധി നിര്‍ണായകമായത് സ്വതന്ത്രന് പി.സി. ജോര്‍ജ് പിടിച്ച വോട്ടുകള്‍. എല്‍ഡിഎഫില്‍നിന്നും മത്സരിച്ച സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 57,630 വോട്ടുകള്‍ നേടിയപ്പോള്‍ 41,049 വോട്ടുകള്‍ നേടി പി.സി. ജോര്‍ജ് രണ്ടാമതെത്തി. മൂന്നാം സ്ഥാനത്തുവന്ന യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ടോമി കല്ലാനിക്ക് 33,694 വോട്ടുകള്‍. 16,817 വോട്ടുകളുടെ ഭൂരിപക്ഷമാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കലിനു ലഭിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി എം.പി. സെന്നിന് 2928 വോട്ടുകള്‍ ലഭിച്ചു.
ഏറ്റുമാനൂരില്‍ ലതികാ സുഭാഷ് 7410 വോട്ടു പിടിച്ചു
ഏറ്റുമാനൂര്‍ മണ്ഡലത്തിലും സ്വതന്ത്ര സ്ഥാനാര്‍ഥി ലതികാ സുഭാഷിന്റെ വോട്ടുകള്‍ നിര്‍ണായകമായി. ലതിക 7410 വോട്ടുകള്‍ നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എന്‍. വാസവന് 56,632 വോട്ടുകള്‍. യുഡിഎഫിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിന്‍സ് ലൂക്കോസിന് 42,598 വോട്ടുകള്‍ ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ടി.എന്‍. ഹരികുമാറിന് 13,401 വോട്ടുകള്‍. 14,303 വോട്ടുകളുടെ ഭൂരിപക്ഷമാണ് വാസവനു ലഭിച്ചത്.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്ന ലതികാ സുഭാഷിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് സ്വതന്ത്രയായി മത്സരിച്ചത്.
ബിജെപി കരുത്തു കാട്ടിയത് കാഞ്ഞിരപ്പള്ളിയില്‍
എന്‍ഡിഎ മുന്നണിയില്‍ ബിജെപിയും ബിഡിജെഎസുമാണു മത്സരിക്കുക. തദ്ദേശ തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലായി 80 ക്രൈസ്തവ സ്ഥാനാര്‍ഥികളെ പരീക്ഷിച്ചതില്‍ കാര്യമായ നേട്ടമുണ്ടായില്ല. ക്രിസ്ത്യന്‍ വോട്ടുകളേറെയും യുഡിഎഫില്‍ ഏകീകരിച്ചതിന്റെ ഫലം വാര്‍ഡുതലത്തില്‍ വരെ പ്രകടമായിരുന്നു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍, വൈക്കം മണ്ഡലങ്ങളില്‍ ഒഴികെ ബിജെപിയാണു മത്സരിച്ചത്. അല്‍ഫോന്‍സ് കണ്ണന്താനമാണ് അന്ന് വോട്ടുനിലയില്‍ ഒന്നാമതെത്തിയത്. ജന്മനാടായ മണിമല ഉള്‍പ്പെടുന്ന കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ കണ്ണന്താനത്തിന് 28,568 വോട്ടുകള്‍ കിട്ടി. മറ്റിടങ്ങളില്‍ ശരാശരി പന്തീരായിരം വോട്ടുകളാണ് എന്‍ഡിഎ നേടിയത്.
പുതുപ്പള്ളി- എന്‍. ഹരി-11,495, ഏറ്റുമാനൂര്‍- ടി.എന്‍. ഹരികുമാര്‍-13,401, കടുത്തുരുത്തി- ജി. ലിജിന്‍ലാല്‍-11,419, ചങ്ങനാശേരി- ജി. രാമന്നായര്-14,106, പാലാ- ജെ. പ്രമീളാദേവി-10,869 എന്നതാണ് ബിജെപിയുടെ വോട്ടുബലം.
ബിഡിജെഎസില്‍ മത്സരിച്ച അജിത സാബു വൈക്കത്ത് 11,708, പൂഞ്ഞാറില്‍ എംപി സെന്‍ 2928 വോട്ടുകള്‍ നേടി. എന്‍ഡിഎ ഏറ്റവും പിന്നില്‍ പോയത് പൂഞ്ഞാറിലാണ്. അവിടെ ബിജെപി വോട്ടുകള്‍ ഏറെക്കുറെ പൂര്‍ണമായി പി.സി. ജോര്‍ജിനായിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജി. ലിജിന്‍ ലാലിന് 6558 വോട്ടുകളേ നേടാനായുള്ളൂ.
ഇത്തവണ പി.സി. ജോര്‍ജ് പൂഞ്ഞാറിലും ഷോണ്‍ ജോര്‍ജ് പാലായിലും മത്സരിക്കുമെന്നാണ് സൂചന. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ കാഞ്ഞിരപ്പള്ളിയില്‍ പരിഗണിക്കുന്നുണ്ട്. സിപിഎം വിട്ട് ബിജെപിയിലെത്തിയ റെജി ലൂക്കോസ് കടുത്തുരുത്തിയില്‍ മത്സരിച്ചേക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് മാർച്ച് ആദ്യവാരം പ്രഖ്യാപനം നടത്തുന്നതിനുള്ള ആലോചനാ നടപടികളുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനു മുന്നോടിയായി അടുത്തമാസം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറും കമ്മീഷണർമാരും കേരളത്തിലെത്തും.
സംസ്ഥാനത്ത് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകളെക്കുറിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചർച്ചകൾ പുരോഗമിക്കുന്നത്. തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി കേന്ദ്ര സേനകളുടെയും ഇതര സംസ്ഥാന പോലീസിന്റെയും സേവനം ലഭ്യമാക്കാനുള്ള പ്രവർത്തന ചർച്ചകളും പുരോഗമിക്കുകയാണ്. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കുന്നത്. മാർച്ച് ആദ്യവാരത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
പരമാവധി വോട്ടർമാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനും എസ്ഐആർ പ്രവർത്തനങ്ങൾ ലക്ഷ്യാപ്രാപ്തിയിലെത്തിക്കാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി കഴിഞ്ഞു. 2026 ജനുവരി ഒന്നിന് പതിനെട്ട് വയസ് പൂർത്തിയായ മുഴുവൻ വോട്ടർമാർക്കും വോട്ടവകാശം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്താനാണ് കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്.
എസ്ഐആറിന്റെ ഭാഗമായി വോട്ടുകൾ നഷ്ടമാകാതിരിക്കാൻ ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടി നേതൃത്വവും അതീവ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. എസ്ഐആറിന്റെ ഭാഗമായി ആരുടെയും വോട്ടുകൾ നഷ്ടമാകാതിരിക്കാൻ ഉദ്യോഗസ്ഥർക്ക് സർക്കാരും നിർദേശം നൽകിയിട്ടുണ്ട്. ഇതിനു വേണ്ടി പ്രത്യേക ക്യാന്പുകളും ഹിയറിംഗുകളും ദ്രുതഗതിയിൽ നടത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി ഇത്തവണ കൂടുതൽ കമ്പനി കേന്ദ്രസേനയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കുടുതൽ പോലീസ് ഫോഴ്സിനെയും സുരക്ഷയ്ക്കായി നിയോഗിക്കും. 200 കമ്പനിയിൽപ്പരം കേന്ദ്രസേന കേരളത്തിൽ തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് എത്തിയേക്കും.
അതേസമയം തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി മുഖ്യധാര രാഷ്ട്രീയപാർട്ടികളും കളത്തിൽ ഇടം പിടിച്ചിട്ടുണ്ട്. സ്ഥാനാർഥി നിർണയ ചർച്ചകൾ ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്.
National
ന്യൂഡൽഹി: ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സ്ഥാനാർഥിനിർണയത്തിന് എഐസിസി സ്ക്രീനിംഗ് കമ്മിറ്റിയെ നിയോഗിച്ചു.
കോൺഗ്രസിന്റെ മുൻ രാജ്യസഭാംഗവും മുതിർന്ന നേതാവുമായ മധുസൂദൻ മിസ്ത്രിയാണ് കേരളത്തിലെ സ്ക്രീനിംഗ് കമ്മിറ്റിയുടെ ചെയർപേഴ്സൺ. രാജ്യസഭാംഗങ്ങളായ ഡോ. സയ്യിദ് നസീർ ഹുസൈൻ, നീരജ് ഡങ്കി, അഭിഷേക് ദത്ത് എന്നിവരാണ് മറ്റ് അംഗങ്ങൾ.
Kerala
പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ കൂടി ആഗ്രഹമാണിത്. സംഘടനാ തലത്തിലും തെരഞ്ഞെടുപ്പുകളിലും സ്ത്രീകള്‍ക്കും ചെറുപ്പക്കാര്‍ക്കും നല്ല പ്രാതിനിധ്യം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. 50 ശതമാനം വേണമെന്ന് പറയാറുണ്ട്. അതു നടപ്പാക്കേണ്ട ചുമതല ഞങ്ങള്‍ക്കുണ്ടെന്നും വി.ഡി. സതീശന് അടൂരിൽ പറഞ്ഞു.
യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുക എന്നതിനർഥം പഴയ തലമുറയില്‍പ്പെട്ട എല്ലാവരോടും മാറി നില്‍ക്കണം എന്നല്ലോ പറയുന്നത്. പുതിയ തലമുറയില്‍പ്പെട്ട ആളുകള്‍ക്ക് കൂടി അവസരം ഉണ്ടാകണം. തീര്‍ച്ചയായും അങ്ങനെ ഉണ്ടാകണം.
ഞങ്ങളെല്ലാം അങ്ങനെ കയറി വന്നവരാണ്. ഇനി ഞങ്ങള്‍ക്ക് പിറകേ ആരും വരേണ്ട എന്നു തീരുമാനിക്കാന്‍ പറ്റില്ലല്ലോ. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം ഉണ്ടാകുമെന്ന് ഉറപ്പാണ്.
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ കൂടി ആഗ്രഹമാണ്. പാര്‍ട്ടിയെ സജീവമായി നിര്‍ത്തുന്നതിനു വേണ്ടി കൂടിയാണിത്. അതിനു വേണ്ടി ഞങ്ങള്‍ പ്രവര്‍ത്തിക്കും. മുതിര്‍ന്നവരെ മാറ്റി നിര്‍ത്തും എന്നൊന്നും പറഞ്ഞിട്ടില്ല. കൂടുതല്‍ യുവാക്കളെയും സ്ത്രീകളെയും കൊണ്ടുവരും എന്നാണ്. പ്രായമുള്ളവരെല്ലാം പിരിഞ്ഞുപോകണം എന്നല്ല ഇതിനര്‍ഥം. മാറ്റം ഉണ്ടാകും. സംഘടനാപരമായും അങ്ങനെ വേണം. അതുകൊണ്ട് മുതിര്‍ന്ന നേതാക്കളൊന്നും പാര്‍ട്ടി വിട്ടു പോയിട്ടില്ലല്ലോ എന്നും വി.ഡി. സതീശന് പറഞ്ഞു.
മുതിര്‍ന്നവരുടെ സഹായവും അവരുടെ ഉപദേശവും തേടും. അവരില്‍ മത്സരിക്കാന്‍ പറ്റുന്നവര്‍ മത്സരിക്കുകയും ചെയ്യും. അവരെ ആരെയും ഒഴിവാക്കില്ലെന്നും വി.ഡി. സതീശന് കൂട്ടിച്ചേര്‍ത്തു.
2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥികളില്‍ തലമുറമാറ്റം ഉണ്ടാകുമെന്നും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും 50 ശതമാനം സീറ്റുകള്‍ നല്‍കുമെന്നും ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിന് നല്കിയ അഭിമുഖത്തില്‍ വി.ഡി. സതീശന് വ്യക്തമാക്കിയിരുന്നു.
National
ന്യൂഡൽഹി: കേരളത്തിലെ വോട്ടർപട്ടികയുടെ വിശ്വാസ്യതയിൽ ഒരു സംശയവും ഉന്നയിക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എസ്ഐആർ നടപ്പാക്കേണ്ട ആവശ്യമില്ലെന്നും സുപ്രീം കോടതി ഫയൽ ചെയ്ത ഹർജിയിൽ ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ എസ്ഐആർ നടപടികൾ പൂർണമായും നിർത്തിവയ്ക്കാൻ നിർദേശിക്കണമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഗോവിന്ദൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യക്തമായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടത്തേണ്ടതുള്ളൂ എന്നാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാൽ കേരളം ഉൾപ്പടെ രാജ്യവ്യാപകമായി തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താനുള്ള നിർദേശത്തിൽ അതിനുള്ള കാരണം രേഖാമൂലം വിശദീകരിച്ചിട്ടില്ല.
അതിനാൽ കേരളത്തിൽ ഇപ്പോൾ നടക്കുന്ന എസ്ഐആർ നിയമത്തിന്റെ കണ്ണിൽ നിലനിൽക്കുന്നതല്ലെന്നും ഗോവിന്ദൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. അഭിഭാഷകൻ ജി. പ്രകാശ് ആണ് ഗോവിന്ദന്റെ ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.